എറണാകുളത്ത് ഫുട്വെയർ ഷോപ്പ് നടത്തിയിരുന്ന സൂരജ് ഭാര്യാപിതാവിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു ചെമ്മീൻ കൃഷിയിലേക്കു കടന്നത്.
ഹൈടെക് രീതിയിൽ ഏഴുവർഷമായി വനാമി ചെമ്മീൻ കൃഷിചെയ്യുന്ന കൊടുങ്ങല്ലൂർ എറിയാട് നന്ദന അക്വാ ഫാം ഉടമ സൂരജ് ലക്ഷങ്ങളുടെ നേട്ടമാണുണ്ടാക്കുന്നത്.
ജീവിതത്തിൽ വഴിത്തിരിവായ വനാമി വിശേഷങ്ങളിലൂടെ...
മത്സ്യകൃഷിയിലെ വിജ്ഞാനകോശം
എറണാകുളം കാക്കനാട് പായിത്ര വീട്ടിൽ സുകുമാരന്റെയും വിജയമ്മയുടെയും രണ്ടാമത്തെ മകൻ സൂരജ് കൊടുങ്ങല്ലൂർ പുല്ലൂറ്റിൽനിന്നു സിനിയെ വിവാഹം ചെയ്യുന്പോൾ സിനിയുടെ അച്ഛൻ ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഭാര്യാപിതാവ് സുധാകരൻ ചെമ്മീൻ കൃഷിയിലെ വിജ്ഞാനകോശമായി മാറുന്ന കാഴ്ചയാണ് പിന്നീടയാൾ കണ്ടത്. നാരായണമംഗലം കണക്കൻകടവിൽ 17 ഏക്കർ പാടം വാങ്ങി അവിടെ മത്സ്യക്കൃഷി നടത്തിയാണ് സുധാകരൻ "തന്റേതായ മത്സ്യലോകം’ തീർത്തത്.
2003ൽ ഗൾഫ് ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ അമ്മായച്ഛൻ വല്ലാർപാടം എംപിഇഡിഎയിലും കൊച്ചിയിലെ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും നാഗപട്ടണത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാ കൾച്ചറിലുമെല്ലാം വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്ത് ശാസ്ത്രീയ കൃഷിരീതികൾ സ്വായത്തമാക്കി.
ശേഷമാണ് മീൻ പാടത്തേക്ക് ഇറങ്ങിയത്. ആ വർഷം ഗ്രീൻ മഡ് ക്രാബ് ആയിരുന്നു കൃഷി. ഇതിന് ഇന്ത്യയിലെ ഏറ്റവും നല്ല ഞണ്ടു കർഷകനുള്ള 2003ലെ കേന്ദ്രസർക്കാർ അവാർഡ് ലഭിച്ചു.
പിന്നെ വിവിധതരം മത്സ്യക്കൃഷികൾ പരീക്ഷിച്ചു. കരിമീൻ, തിലാപ്പിയ (പിലോപ്പി), കണന്പ്, തിരുത, പൂമീൻ. 2017ൽ ചെയ്ത കാരച്ചെമ്മീൻ കൃഷിക്ക് സംസ്ഥാനത്തെ മികച്ച ചെമ്മീൻ കർഷകനുള്ള അവാർഡ് ലഭിച്ചു.
2018ലെ പ്രളയത്തിനുശേഷമാണ് വനാമി ചെമ്മീൻ കൃഷിയിലേക്കു തിരിഞ്ഞത്. രണ്ടു പ്രകൃതിദത്ത കുളങ്ങളിലും ഒരു ബയോഫ്ളോക്ക് പോണ്ടിലും ആയിരുന്നു കൃഷി. നാലര ലക്ഷം കുഞ്ഞുങ്ങളെ ഇറക്കിയായിരുന്നു പരീക്ഷണം. ഇതു വൻവിജയമായി.
ബിരുദധാരിയായ മകൻ സനേഷും അച്ഛനൊപ്പം കൂടി; പാത പിന്തുടർന്നു. ഇന്ന് 76-ാം വയസിലും സുധാകരൻ വനാമി കൃഷിയിൽ വിജയയാത്ര തുടരുന്നു. ഒപ്പം കുറച്ച് കരിമീൻ, തിരുത, പൂമീൻ, ചെമ്പല്ലി എന്നിവയും.